കേറ്റ് വിന്‍സ്‌ലെറ്റിന്റെ ‘ മേര്‍ ഓഫ് ഈസ്റ്റ്ടൗണ്‍ ‘എന്ന സീരിസ് വിജയം കൊയ്യുമ്പോള്‍ , എഡിറ്റിങ്ങ് സമയത്തെ രസകരവും ചിന്തിക്കേണ്ടതുമായ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് ന്യൂയോര്‍ക്ക് ടൈംസിന് നല്‍കി അഭിമുഖത്തില്‍ കേറ്റ്.
സീരീസിലെ ഒരു കിടപ്പറരംഗത്തില്‍ കേറ്റിന്റെ വടിവൊത്തതല്ലാത്ത വയറ് കാണുന്ന രംഗമുണ്ട്, എന്നാല്‍ വടിവൊത്തതല്ലാത്ത വയര്‍ എഡിറ്റ് ചെയ്ത് ഭംഗിയാക്കട്ടെ എന്നാണ് സംവിധായകനായ ക്രെയ്ഗ് സോബെല്‍ കേറ്റിനോട് ചോദിച്ചത്. എന്നാല്‍ അത് നിരാകരിക്കുകയായിരുന്നു താരം. ഒക്ടോബറില്‍ എനിക്ക് 46 വയസ്സ് തികയും. ‘ഞാന്‍ മധ്യവയസ്‌കയായ ഒരു അന്വേഷണ ഉദ്യോഗസ്ഥയുടെ റോളാണ് ചെയ്യുന്നത്. ആളുകള്‍ക്ക് ആ കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നത് അതില്‍ ഫില്‍റ്ററുകള്‍ ഒന്നും ഉപയോഗിക്കാത്തതുകൊണ്ടു കൂടിയാണ്. അവള്‍ നന്നായി പ്രവര്‍ത്തിക്കുന്ന, അവളുടേതായ വ്യക്തിത്വമുള്ള സ്ത്രീയാണ്. അവളുടെ ശരീരം അങ്ങനെയായതിന് പിന്നില്‍ അവളുടെ ജീവിത സാഹചര്യങ്ങളും പ്രായവുമെല്ലാം ഉണ്ട്.’ അത്തരം ഒരു നിര്‍ദേശം നിരസിച്ചതിനെ പറ്റി കേറ്റ് പറയുന്നതിങ്ങനെ.
കേറ്റിന്റെ കണ്ണിനു ചുറ്റുമുള്ള പാടുകളും ചുളിവുകളും മറ്റും എഡിറ്റ് ചെയ്ത പോസ്റ്ററുകളാണ് സീരീസിന്റേതായി പുറത്തിറങ്ങിയത്. അവ അമിതമായി എഡിറ്റു ചെയ്തു എന്ന അഭിപ്രായമായിരുന്നു കേറ്റിനുണ്ടായിരുന്നത്. ‘ എന്റെ കണ്ണിന് അരികില്‍ ധാരാളം ചുളിവുകള്‍ ഉണ്ടെന്ന് എനിക്കറിയാം, അവയൊക്കെ അവിടെ തിരിച്ചു വയ്ക്കൂ.’ താരം പ്രതികരിച്ചത് ഇങ്ങനെ.