റിയലിസ്റ്റിക് എന്നു പറയാവുന്ന ഒരു സർവൈവൽ ത്രില്ലർ ആണ് ‘നായാട്ട്’

മാർട്ടിൻ പ്രക്കാട്ടിന്റെ നാലാമത്തെ സിനിമയായ നായാട്ട്.റിയലിസ്റ്റിക് എന്നു പറയാവുന്ന ഒരു സർവൈവൽ ത്രില്ലർ ആണ് നായാട്ട്.നായാട്ട് ഒരു പൊളിറ്റിക്കൽ ഡ്രാമയാണ്, മാത്രമല്ല പോലീസ് സ്റ്റോറി കൂടിയാണ്. പോലീസ് സ്റ്റോറി എന്നു പറയുമ്പോൾ, നമ്മൾ ഇതുവരെ കണ്ടു പരിചയിച്ചിട്ടുള്ള പോലീസ് കഥകൾ അല്ല താനും. പ്രവീണ്‍ മൈക്കിൾ, മണിയൻ, സുനിത എന്നിങ്ങനെ പേരായ മൂന്നു പോലീസുകാർ ആണ് നായാട്ടിൽ കേന്ദ്ര കഥാപാത്രങ്ങൾ. പോലീസ് സ്റ്റോറി ആവുകയും കേന്ദ്രകഥാപാത്രങ്ങൾ ആവുകയും ചെയ്യുമ്പോൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന വഴിയുടെ പരിസരത്ത് കൂടിയെങ്ങും അല്ല സ്ക്രിപ്റ്റും സിനിമയും പോവുന്നത് എന്നതാണ് നായാട്ടിനെ വ്യത്യസ്തമാക്കുന്നത്.

‘ജോസഫി’ന്റെ സ്‌ക്രിപ്റ്റ് എഴുതിയ ഷാഹി കബീർ ആണ് നായാട്ട് എഴുതിയിരിക്കുന്നത്.
കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവരാണ് പ്രവീൺ, മണിയൻ, സുനിത എന്നിവർ. നന്നായി . ജാഫർ ഇടുക്കിയുടേതാണ് മറ്റൊരു ഹെവിറോൾ. യശശരീരനായ അനിൽ നെടുമങ്ങാടിനെ നല്ലൊരു റോളിൽ കാണാൻ കഴിയുന്നു എന്നത് വലിയൊരു സന്തോഷം.

ഷൈജു ഖാലിദിന്റെ ക്യാമറ , മഹേഷ് നാരായന്റെ എഡിറ്റിങ്, അഖിൽ അലക്സിന്റെ ബാക്ക് ഗ്രൗണ്ട് സ്കോറിംഗ് എല്ലാം സിനിമയെ ഗംഭീരമാക്കുന്നതിൽ നിർണായകപങ്ക് വഹിക്കുന്നുണ്ട്. ഇതെല്ലാം ചേർന്നതാണ് മാർട്ടിൻ പ്രക്കാട്ട് എന്ന സംവിധായകന്റെ മേക്കിംഗ് കരുത്ത്. ആദ്യപകുതിയേക്കാൾ ഗംഭീരമായ രണ്ടാംപകുതിയും ഒടുവിൽ നെഞ്ചത്തോരു കനത്ത പഞ്ച് വച്ച് തരുന്ന ക്ളൈമാക്‌സും നായാട്ടിനെ ഒരു ഉൾക്കനമുള്ള സിനിമയാക്കി മാറ്റുന്നു.