ബോളിവുഡിൽ പ്രായംകൊണ്ടു ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന പ്രണയിതാക്കൾ

ബോളിവുഡിലെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന പ്രണയകഥയിലെ നായികയെന്ന നിലയിലാണ് മലൈകയുടെ പ്രായം ആരാധകരും നാട്ടുകാരും ഗൂഗിളിൽ തേടിയത്. 45 എന്ന അക്കങ്ങൾ പലരുടെയും നെറ്റിചുളിപ്പിച്ചു. അതെല്ലാം ഗോസിപ്പുകളായി, ട്രോളുകളായി. കാരണം കാമുകൻ അർജുൻ കപൂറിന് 33 ആയതേയുള്ളു. മലൈകയോ 18 വർഷത്തെ വിവാഹജീവിതം അവസാനിപ്പിച്ചവൾ, 17 വയസുള്ള മകനുള്ള സ്ത്രീ – അങ്ങനെയൊരു പ്രണയത്തിന് പച്ചക്കൊടി കാട്ടുന്നതെങ്ങനെയെന്ന് പലരും നെറ്റിചുളിച്ചു.

എംടിവി ഇന്ത്യയിൽ വിജെ ആയിരിക്കെയാണ് മലൈകയും അർബാസും അടുപ്പത്തിലായത്. തുടർന്നു വിവാഹം. അക്കാലത്ത് മോഡൽ, അവതാരക എന്ന നിലയിൽ മലൈകയും പുതുമുഖ അഭിനേതാവ് എന്ന നിലയിൽ അർബാസും നല്ലൊരു ഭാവി പ്രതീക്ഷിച്ചിരുന്നു. പക്ഷേ, സഹോദരൻ സൽമാൻ ഖാന്റെ പിന്തുണയില്ലാതെ തനിച്ചെന്തെങ്കിലും ചെയ്യാൻ അർബാസിനു കഴിഞ്ഞില്ല. സൽമാന്റെ തന്നെ ഇടപെടലോടെ ദബാംഗ് നിർമിക്കാനായതാണ് അർബാസിനെ രക്ഷപ്പെടുത്തിയത്.പക്ഷേ, അപ്പോഴേക്കും ദമ്പതികൾ തമ്മിലെ സ്വരച്ചേർച്ചയില്ലായ്മ പുറത്തുള്ളവരും അറിഞ്ഞുതുടങ്ങി. ഒടുവിൽ ആ തീരുമാനം മലൈകയെടുത്തു.

2016ൽ മലൈക വീടുവിട്ടിറങ്ങി മാസങ്ങൾക്കുശേഷം അർജുൻ കപൂർ മലൈകയുടെ താമസസ്ഥലത്തെത്തിയതു പപ്പരാസികൾ ചിത്രമെടുത്തതോടെയാണ് ഈ പ്രണയകഥ പുറത്തറിഞ്ഞത്. 2017ൽ വിവാഹമോചനം അനുവദിച്ചതോടെ തെറ്റിദ്ധാരണകൾ പലതും നീങ്ങി. മൂന്നാമതൊരാളല്ല പിരിയാൻ കാരണമെന്ന് അർബാസും മലൈകയും പറയുകയും ചെയ്തു.