ജീവിതത്തിൽ കണ്ടു പഠിക്കാൻ മികച്ച ഒരു മാതൃകാ വ്യക്തിത്വമുണ്ട്. അത് റഹ്മാൻ സർ ആണ്’, ഇഹാൻ ഭട്ട്

പാട്ടുകളും പശ്ചാത്തലസംഗീതവും ഒരുക്കുന്നതിനു പുറമേ എ.ആർ.റഹ്മാൻ നിർമാണത്തിലും തിരക്കഥ രചനയിലും അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ‘99 സോങ്സ്’. വിശ്വാസ് കൃഷ്ണമൂർത്തിയാണ് ചിത്രത്തിന്റെ സംവിധായകൻ.

‘99 സോങ്സ്’ എന്ന ചിത്രത്തിന്റെ പ്രവർത്തനങ്ങൾക്കിടെ എ.ആർ.റഹ്മാൻ നൽകിയ നിർദ്ദേശങ്ങളെക്കുറിച്ചും സ്നേഹോപദേശങ്ങളെക്കുറിച്ചും മനസ്സ് തുറന്ന് ചിത്രത്തിലെ നായകൻ ഇഹാൻ ഭട്ട്.

റഹ്മാൻ സർ എന്നെയോ എന്റെ അഭിനയത്തെയോ ഇതുവരെ പ്രശംസിച്ചു സംസാരിച്ചില്ല. കഴിഞ്ഞ നാലു വർഷത്തിനിടയിൽ എത്ര തവണ കണ്ടുമുട്ടിയിട്ടുണ്ടോ അപ്പോഴൊക്കെയും നല്ല വ്യക്തി ആയി തീരണം എന്നും മറ്റുള്ളവർക്കു പ്രചോദനമാകണമെന്നും ഉപദേശിക്കുകയാണ് ചെയ്തത്. സിനിമാ വ്യവസായ രംഗത്തെ ദുഷ്പ്രവൃത്തികളിൽ നിന്ന് അകന്നു നിൽക്കണമെന്നും കഠിനാധ്വാനത്തിലൂടെ ഉന്നതിയിൽ എത്തിച്ചേരണം എന്നും അദ്ദേഹം പറഞ്ഞു. നാളെ ഞാൻ പ്രശസ്തനായാലും എന്റെ പൂർവകാലജീവിതവും ഞാൻ വന്ന വഴികളും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. സിനിമാ ചിത്രീകരണം പൂർത്തിയാക്കി മടങ്ങിയപ്പോഴും ഞാൻ റഹ്മാൻ സാറിന്റെ വാക്കുകളെ മനസ്സിൽ സൂക്ഷിച്ചു. ജീവിതത്തിൽ എനിക്കു കണ്ടു പഠിക്കാൻ ഇപ്പോൾ മികച്ച ഒരു മാതൃകാ വ്യക്തിത്വമുണ്ട്. അത് റഹ്മാൻ സർ ആണ്’, ഇഹാൻ ഭട്ട് പറഞ്ഞു.