വൂൾഫ് : സിനിമ റിവ്യൂ

കഴിഞ്ഞ മാർച്ചിൽ പ്രധാനമന്ത്രി രാജ്യമെങ്ങും സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ച രാത്രിയിൽ, സംഭവിച്ചതെന്ന പേരിൽ ഓൺലൈൻ മാധ്യമങ്ങൾ വൈറലാക്കിയ ഒരു സംഭവത്തിന്റെ അവലംബിത സിനിമാവേർഷൻ ആണ് വൂൾഫ്.പ്രശസ്‌ത ക്രൈം ഫിക്ഷൻ റൈറ്റർ ജി ആർ ഇന്ദുഗോപൻ തിരക്കഥ എഴുതി, ഷാജി അസീസ് സംവിധാനം ചെയ്തിരിക്കുന്ന വൂൾഫ്, മനുഷ്യന്റെ ആന്തരിക ചോദനകളിലേയ്ക്കും അവയിലെ യുക വന്യ വൈചിത്ര്യങ്ങളിലേക്കും ഫോക്കസ് ചെയ്യുന്നു എന്നുള്ള നിലയിൽ ശ്രദ്ധേയമായ സിനിമയാണ്.

എന്തോ സംഭവിക്കാൻ പോവുന്നു എന്നും ആരോ പതിയിരിക്കുന്നു എന്നുമുള്ള subtle ആയൊരു സസ്പെൻസ് മൂഡ് ക്രിയേറ്റ് ചെയ്തുകൊണ്ടാണ് തുടർന്ന് സിനിമയുടെ ആദ്യപാതി ഉടനീളം മുന്നോട്ടുപോവുന്നത്.അറേഞ്ച്ഡ് മ്യാരേജ് എന്ന പ്രസ്ഥാനത്തെ കുറിച്ചും ദാമ്പത്യത്തെ കുറിച്ചും ഈയൊരു തലമുറയിലുള്ള സ്വത്വബോധമുള്ള ഏതൊരു പെണ്കുട്ടിക്കും മനസിലുണ്ടാവാൻ സാധ്യതയുള്ള സകലമാന ആകുലതകളും ഇവിടെ പങ്കു വെക്കപ്പെടുന്നുണ്ട്.

ഒറ്റ ലൊക്കേഷനിൽ ഭൂരിഭാഗം നേരവും രണ്ടു കഥാപാത്രങ്ങളെ മാത്രം വച്ചാണ് അൻപത് മിനിറ്റ് നേരം വൂൾഫ് മുന്നോട്ടു പോവുന്നത്. പക്കാ വെർബൽ ആയ സ്‌ക്രിപ്റ്റ് വച്ച് പ്രേക്ഷകരെ ഒട്ടും മുഷിപ്പിക്കാതെ കൂടെ കൂട്ടുന്നു എന്നിടത്താണ് ഷാജി അസീസ് എന്ന സംവിധായകന്റെ മേക്കിംഗ് സ്കില്ലും അർജുൻ അശോക്, സംയുക്ത മേനോൻ എന്നീ ആക്ട്ടേഴ്‌സിന്റെ പ്രകടനമികവും കയ്യടി അർഹിക്കുന്ന തലത്തിൽ എത്തുന്നത്.ഇർഷാദിന്റെ കരിയറിലെ ഏറ്റവും ഗംഭീരമായ കഥാപാത്രം ആണ് ജോ. അപ്രതീക്ഷിതമായ പകർന്നാട്ടം.

കയ്യിൽ നിന്ന് പോവാൻ വളരെയേറെ സാധ്യതയുള്ള ഒരു പരിമിതപാത്ര ഇൻഡോർ സബ്ജക്റ്റിനെ മേക്കിംഗിലെ മികവ് കൊണ്ട് ഷാജി അസീസ് ഓർമിപ്പിക്കത്തക്ക വിധത്തിലുള്ള കാലിക പ്രസക്തമായ ഒരു സിനിമയാക്കി മാറ്റുന്നു. നാടകീയതയെ പാടെ ഒഴിവാക്കിയുള്ള റിയലിസ്റ്റിക് ആയ എൻഡിംഗ് ഒക്കെ എടുത്തുപറയണം.