ലൈസൻസ് കേസിൽ കുരുങ്ങി വിനോദ് കോവൂർ

ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തിയ ക്രമക്കേടിൽ പുലിവാലു പിടിച്ചു നടൻ വിനോദ് കോവൂർ.
കാലാവധി കഴിഞ്ഞ ലൈസൻസ് പുതുക്കാൻ ഡ്രൈവിങ് സ്കൂളിനെ ഏൽപ്പിച്ചതാണ് സംഭവങ്ങളുടെ തുടക്കം. കോഴിക്കോട് കോവൂരിലുള്ള നസീറ ഡ്രൈവിങ് സ്കൂളിലാണ് ലൈസൻസ് പുതുക്കി നൽകാൻ ഏൽപ്പിച്ചത്. ലൈസൻസിന്റെ കാലാവധി അവസാനിച്ചതിനാൽ ആദ്യം മുതലുള്ള നടപടികൾക്ക് വിധേയമാകേണ്ടി വരുമെന്നു ഡ്രൈവിങ് സ്കൂൾ ജീവനക്കാരൻ വിനോദിനോടു പറ‍ഞ്ഞു. ഇതിനായി വിനോദിന്റെ പക്കൽനിന്ന് ഫീസും ഈടാക്കി.സാരഥി വെബ്സൈറ്റിൽ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ ഔദ്യോഗിക യൂസർനെയിമും പാസ്‌വേഡും ചോർത്തി ഡ്രൈവിങ് സ്കൂൾ ഉടമ ലോഗിൻ ചെയ്ത് ലൈസൻസ് പുതുക്കിയ കേസിൽ വിനോദ് കോവൂരും ഇരയായി.

കേസിൽ തൊണ്ടി മുതലാണ് വിനോദിന്റെ ലൈസൻസ്. സൈബർ കേസ് ആയതിനാൽ കേസ് അവസാനിച്ചതിനു ശേഷമേ തൊണ്ടിമുതൽ ലഭിക്കൂ. അതുവരെ നടന് വാഹനം ഓടിക്കാൻ പറ്റില്ല. ഇക്കാര്യം ആർടിഒ വിനോദ് കോവൂരിനെ അറിയിച്ചു. തന്റെ ജോലിക്ക് ലൈസൻസ് ആവശ്യമാണെന്നും പരിഹാരം കാണമെന്നും വിനോദ് ആവശ്യപ്പെട്ടു.ആർടിഒ സൈബർ സെല്ലിനു അപേക്ഷ നൽകി വിനോദിന്റെ കാര്യത്തിൽ തീരുമാനം അറിയിക്കും.
ലൈസൻസ് പുതുക്കിയത് അന്വേഷിച്ച് സൈബർസെല്ലിൽനിന്നു വിളിച്ചപ്പോൾ മാത്രമാണ് ഇത്തരത്തിലുള്ള തട്ടിപ്പ് നടന്നതായി താൻ അറിഞ്ഞതെന്ന് വിനോദ് പറഞ്ഞു.