ഓസ്കറിൽ തിളങ്ങി നൊമാഡ്‌ലാൻഡ്, ചരിത്രം കുറിച്ച് വനിത സംവിധായിക ക്ലോയ് ഷാവോ

  • ചരിത്രം കുറിച്ച് വനിത സംവിധായിക ക്ലോയ് ഷാവോ
  • ഓസ്കറിൽ തിളങ്ങി നൊമാഡ്‌ലാൻഡ്
  • ഓസ്കർ ചരിത്രത്തിൽ മികച്ച നടനാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ആന്റണി ഹോപ്കിൻസ്
  • ഓസ്കർ വേദിയിൽ ഇർഫാൻ ഖാനും ഭാനു അത്തയ്യയ്ക്കും ആദരം

തൊണ്ണൂറ്റിമൂന്നാമത് ഓസ്കറിൽ ‘ദി ഫാദർ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്തണി ഹോപ്കിൻസ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. നൊമാഡ് ലാൻഡ് ആണ് മികച്ച ചിത്രം. ഈ സിനിമയിലെ അഭിനയത്തിന് ഫ്രാൻസെസ് മെക്‌ഡൊർമാൻഡ് മികച്ച നടിയായി.

മിന്നാരിയിലെ അഭിനയത്തിന് യൂൻ യൂ ജാങ് മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു.ഡാനിയൽ കലൂയയാണ് മികച്ച സഹനടനുള്ള പുരസ്കാരത്തിന് അർഹനായത്. ജൂദാസ് ആൻഡ് ദി ബ്ലാക്ക് മെസയ്യ എന്ന ചിത്രത്തിലെ അഭിനയമാണ് ഡാനിയലിന് പുരസ്കാരം നേടികൊടുത്തത്. നൊമാഡ് ലാൻഡ് ഒരുക്കിയ ചൈനക്കാരിയായ ക്ലോയി ഷാവോ മികച്ച സംവിധായികയായി.അക്കാദമിയുടെ ചരിത്രത്തിൽ ഇതാദ്യമായി ഒരു ഏഷ്യൻ വംശജ മികച്ച സംവിധാനത്തിനു ബഹുമതി നേടിയിരിക്കുന്നു. ഓസ്കറിൽ ഈ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ വനിത എന്ന വിശേഷണം കൂടി നൊമാഡ്‌ലാൻഡ് സംവിധായിക ക്ലോയി ഷാവോ സ്വന്തമാക്കി.

പീറ്റ് ഡോക്ടർ, ഡാന മറെ എന്നിവർ ചേർന്നൊരുക്കിയ സോൾ ആണ് മികച്ച ആനിമേറ്റഡ് ഫീച്ചർ ഫിലിം. പ്രോമിസിങ് യങ് വുമണിന്റെ രചന നിർവഹച്ച എമറാൾഡ് ഫെന്നൽ മികച്ച ഒറിജിനൽ തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി. മികച്ച അഡാപ്റ്റഡ് തിരക്കഥയ്ക്കുള്ള പുരസ്കാരം ദി ഫാദറിന്റെ രചന നിർവഹിച്ച ക്രിസ്റ്റഫർ ഹാംപ്ടണും ഫ്ളോറിയൻ സെല്ലറും സ്വന്തമാക്കി. മകിച്ച വസ്ത്രാലങ്കാരത്തിന് അവാർഡ് കരസ്ഥമാക്കിയ അന്ന റോത്ത് ഓസ്‌കർ നേടുന്ന ഏറ്റവും പ്രായമേറിയ വനിതയായി.

അന്തരിച്ച ബോളിവുഡ് നടൻ ഇർഫാൻ ഖാനെയും ഓസ്‌കർ ജേതാവായ ഇന്ത്യൻ കോസ്റ്റിയൂം ഡിസൈനർ ഭാനു അത്തയ്യയെയുംഅവാർഡ് വേദിയിൽ ആദരിച്ചു. ഹോളിവുഡ് ചിത്രങ്ങളായ ലൈഫ് ഓഫ് പെ, ജുറാസിക് വേൾഡ്, ഇൻഫെർനോ തുടങ്ങിയ സിനിമകളിൽ ഇർഫാൻ അഭിനയിച്ചിട്ടുണ്ട്. 1982 ഗാന്ധി എന്ന സിനിമയിലെ വസ്ത്രാലങ്കാരത്തിനാണ് ഭാനു ഓസ്‌കാർ ജേതാവായത്.