ദൃശ്യഭംഗിയുടെ തോഴൻ കെ.വി. ആനന്ദ് അന്തരിച്ചു

ഛായാഗ്രാഹകനും തമിഴ് സിനിമാ സംവിധായകനായ കെ.വി. ആനന്ദ് (54) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.

2005-ല്‍ പുറത്തിറങ്ങിയ കനാ കണ്ടേന്‍ എന്ന ചിത്രമാണ് ആദ്യം സംവിധാനം ചെയ്തത്. അയന്‍, കോ, മാട്രാൻ, അനേഗന്‍, കവൻ, കാപ്പാന്‍ എന്നിവയാണ് സംവിധാനം ചെയ്ത മറ്റുചിത്രങ്ങള്‍.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയിലൂടെ സ്വതന്ത്ര ഛായാഗ്രഹകനായി.പ്രിയദർശന്റെ തന്നെ മിന്നാരം, ചന്ദ്രലേഖ എന്നിവയാണ് മലയാളത്തിൽ അദ്ദേഹം ഛായാ​ഗ്രഹണം നിർവഹിച്ച മറ്റുചിത്രങ്ങൾ.  ഛായാഗ്രാഹകനായ പി.സി. ശ്രീരാമിന്റെ സഹായിയായാണ് ആനന്ദ് സിനിമാജീവിതം ആരംഭിച്ചത്.

ദൃശ്യഭാഷയുടെ യഥാർഥ നിറക്കൂട്ടായിരുന്നു അദ്ദേഹത്തിന്റെ സിനിമകൾ.
ഷങ്കറിന്റെ ചിത്രമായ ശിവാജിയിലെ സഹാന എന്ന് തുടങ്ങുന്ന ഗാനം അമ്പരപ്പിക്കുന്ന ദൃശ്യഭംഗിയുടെ ഉദാഹരണമാണ്. ഗ്ലാസ് കൂട്ടില്‍ നിഴല്‍ പതിക്കാതെ ഒരുക്കിയ വിഷ്വലുകള്‍ ഛായാഗ്രഹാകന്മാര്‍ക്ക് ഒരു പാഠപുസ്തകമാണ്.

ദൃശ്യഭംഗിയുടെ സമ്പന്നത കൊണ്ട് ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു തേന്മാവിൻ കൊമ്പത്ത്. കന്നി ചിത്രത്തിലെ വിഷ്വലുകൾ ആനന്ദിന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡും നേടിക്കൊടുത്തു. പ്രിയനൊപ്പം മിന്നാരത്തിലും അത് വീണ്ടും ആവർത്തിച്ചു. പ്രിയന്റെ വമ്പൻ ഹിറ്റ് ചിത്രമായ ചന്ദ്രലേഖയിൽ ഒരേ സമയം പി.സി ശ്രീറാമിന്റെ രണ്ട് ശിഷ്യന്മാരാണ് ഛായാഗ്രഹണം നിർവഹിച്ചത്. ജീവയും ഒപ്പം കെ.വി ആനന്ദും. അനിയത്തിപ്രാവിന്റെ ഹിന്ദി റീമേക്കായി പ്രിയദർശൻ ഡോളി സജാക്കെ രക്ന ഒരുക്കിയപ്പോഴും രവി.കെ ചന്ദ്രനൊപ്പം കെ.വി ആനന്ദും കാമറ കൈകാര്യം ചെയ്തു.