ജോർജ്കുട്ടി ഇനി ഹിന്ദിയും പറയും; ദൃശ്യം 2 ബോളിവുഡില്‍

ദൃശ്യം 2 ഹിന്ദി പകര്‍പ്പവകാശം കുമാര്‍ മംഗത് പതക് സ്വന്തമാക്കി. ‘ദൃശ്യം’ ആദ്യഭാഗം ഹിന്ദിയിൽ റീമേക്ക് ചെയ്ത നിര്‍മ്മാതാവായ പനോരമ സ്റ്റുഡിയോസ് കുമാർ മങ്ങാത്ത് പതക് തന്നെയാണ് ദൃശ്യം 2 ഹിന്ദിയിൽ റീമേക്ക് ചെയ്യുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം റീമേക്ക് അവകാശം സ്വന്തമാക്കിയതായി അറിയിച്ചിരിക്കുന്നത്.

ദൃശ്യം 2 വന്‍ വിജയമായ സാഹചര്യത്തില്‍ ബോളിവുഡിലും മലയാളം പതിപ്പിന്റെ അതേ മികവോടെ ചിത്രമൊരുക്കുമെന്ന് കുമാര്‍ മംഗത് പതക്. സിനിമ നേടിയ വലിയ വിജയം ബോളിവുഡ് റീമേക്കിനെ കുറിച്ച് ആലോചിക്കുന്നതിന് തങ്ങളെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

അജയ് ദേവ്ഗണ്‍, തബു, ശ്രിയ സരണ്‍ എന്നിവരായിരുന്നു ദൃശ്യം ആദ്യഭാഗം ഹിന്ദി പതിപ്പില്‍. നിഷികാന്ത് കാമത്ത് ആണ് ദൃശ്യം ആദ്യപതിപ്പൊരുക്കിയത്.

ദൃശ്യം രണ്ടാം ഭാഗം ആമസോണ്‍ റിലീസായാണ് പ്രേക്ഷകരിലെത്തിയത്. 30 കോടിയോളം മുടക്കിയാണ് ആമസോണ്‍ പ്രൈം വീഡിയോ ദൃശ്യം സെക്കന്‍ഡ് സ്വന്തമാക്കിയതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.ദൃശ്യം 2 ബോളിവുഡ് പതിപ്പ് സംവിധായകന്‍ ജീത്തു ജോസഫ് ഒരുക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

ദൃശ്യം തെലുങ്ക് പതിപ്പും പൂര്‍ത്തിയായിരിക്കുയാണ്. വെങ്കടേഷും മീനയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം ജീത്തു ജോസഫാണ് സംവിധാനം ചെയ്തിരിക്കുന്നത്.ആശിര്‍വാദ് സിനിമാസാണ് തെലുങ്ക് ദൃശ്യം നിര്‍മ്മിക്കുന്നത്.