ഹലോ 2255 ‘രാജാവിന്റെ മകനെ കിട്ടുമോ’ അതെ ‘രാജാവാണ് സംസാരിക്കുന്നത്, മകനു കൊടുക്കാം’

“മൈ ഫോൺ നമ്പർ ഈസ് 2255″– സിനിമയിൽ മോഹൻലാൽ പറയുന്ന ഡയലോഗിനൊപ്പം ഈ ഫോൺ നമ്പറും ഹിറ്റായി. 1986ൽ ഇറങ്ങിയ ‘രാജാവിന്റെ മകൻ’ എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച വിൻസെന്റ് ഗോമസിന്റെ ഫോൺ നമ്പറാണ് 2255. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത സിനിമയ്ക്കു തിരക്കഥ എഴുതിയതു ഡെന്നീസ് ജോസഫ്.

മലയാളി മറക്കാത്ത ഈ ഫോൺ നമ്പറിന്റെ ഉടമയെ കാണാൻ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് ഒരിക്കൽ നേരിട്ട് എത്തി.കോട്ടയം ചന്തക്കവലയിൽ ക്ലിനിക് നടത്തുന്ന കൊല്ലാട് പുള്ളിയിൽ വീട്ടിൽ ഡോ. ഐക്ക് സഖറിയയുടേതായിരുന്നു ആ ഫോൺ നമ്പർ.തന്റെ മനസ്സിൽ തോന്നിയ ഒരു ഫാൻസി ലാൻഡ് ഫോൺ നമ്പർ മലയാളികൾ വർഷങ്ങൾക്കു ശേഷവും കാണാപ്പാഠമായി കൊണ്ടുനടക്കുന്നതിന്റെ അദ്ഭുതത്തിലും ആകാംക്ഷയിലുമാണ് ഡെന്നിസ് എത്തിയത്.

സിനിമ പുറത്തിറങ്ങിയതോടെ മോഹൻലാലിന്റേതാണെന്നു കരുതി ഈ ഫോണിലേക്ക് ആളുകൾ വിളിക്കാൻ തുടങ്ങി. ‘രാജാവിന്റെ മകനെ കിട്ടുമോ’ എന്ന് ആരോ ചോദിച്ചപ്പോൾ പിതാവ് ഫോൺ എടുത്ത് ‘രാജാവാണ് സംസാരിക്കുന്നത്, മകനു കൊടുക്കാം’ എന്നു പറഞ്ഞ് കോൾ കൈമാറുന്നത് രസകരമായ ഓർമയായിരുന്നെന്ന് ഡോ. ഐക്ക് പറയുന്നു. എന്തു സഹായത്തിനും വിളിക്കാം എന്ന് ആ സിനിമയിൽ പറയുന്നുണ്ട്. സഹായം അഭ്യർഥിച്ചുള്ള വിളികൾ കൂടുതലായിരുന്നു. ഡോ.ഐക്ക് ‘മനോരമ’യിൽ ഈ സംഭവങ്ങളെപ്പറ്റി എഴുതിയിരുന്നു,ഇതു വായിച്ചാണ് ഡെന്നിസ് ജോസഫ് കാണാനെത്തിയത്. അന്നു മനസ്സിൽ തോന്നിയ ഒരു നമ്പർ എഴുതിയതാണെന്നു ഡെന്നിസ് ജോസഫ് പറഞ്ഞതായി ഡോ. ഐക്ക് ഓർമിക്കുന്നു.