14 വർഷത്തെ ഇടവേളയ്ക്കു ശേഷം സ്വർഗചിത്ര അപ്പച്ചൻ ‘സി ബി ഐ’ അഞ്ചാം ഭാഗവുമായി വരുന്നു

സ്വർഗചിത്ര അപ്പച്ചൻ 14 വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സിനിമാ നിർമാണത്തിനിറങ്ങുകയാണ്. സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗവുമായാണ് ഇത്തവണ അദ്ദേഹത്തിന്റെ വരവ്.

ലോക്ഡൗൺ അവസാനിച്ചാൽ മമ്മൂട്ടി ആദ്യം ജോയിൻ ചെയ്യുന്നത് അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപർവം എന്ന സിനിമയിലാകും. ഇതിൽ 10 ദിവസത്തെ ചിത്രീകരണം കൂടി മമ്മൂട്ടിയുടേതായുണ്ട്. അതു കഴിഞ്ഞാൽ മമ്മൂട്ടിയുടെ മേക്കപ്പ്മാൻ ജോർജ് നിർമിക്കുന്ന ചിത്രം തുടങ്ങും. അതിനുശേഷം അദ്ദേഹം സേതുരാമയ്യരായെത്തും. എസ്.എൻ.സ്വാമി–കെ.മധു കൂട്ടുകെട്ടിൽ മമ്മൂട്ടി നായകനാകുന്ന സിബിഐ സിനിമ പരമ്പരയിൽ അഞ്ചാമത്തെ സിനിമയാണിത്.

ചിങ്ങം ഒന്നിനു ചിത്രീകരണം തുടങ്ങണം എന്നാണ് തീരുമാനിച്ചിരിക്കുന്നത്. എറണാകുളം, തിരുവനന്തപുരം, ഹൈദരാബാദ്, ന്യൂഡൽഹി എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കാനാണ് ഉദ്ദേശം. മുകേഷ് ഉൾപ്പെടെ പഴയ ടീമിൽ ഉണ്ടായിരുന്നവർക്കു പുറമെ രഞ്ജിപണിക്കർ ഉൾപ്പെടെയുള്ള താരങ്ങളും ഈ സിനിമയിലുണ്ട്.