എന്താണ് നല്ലതെന്ന് തിരിച്ചറിയാന്‍ അവരില്‍ തന്നെ വിശ്വാസമര്‍പ്പിക്കൂ ; ലക്ഷദ്വീപ് ജനതയ്ക്കായി ശബ്ദമുയർത്തി പൃഥ്വിരാജ്

പുതിയ അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാരങ്ങൾക്കെതിരായ പ്രതിഷേധത്തിൽ ലക്ഷദ്വീപ് ജനതയ്ക്കായി ശബ്ദമുയർത്തി നടൻ പൃഥ്വിരാജ്. ഒരു ജനതയെത്തന്നെ അസംതൃപ്തരാക്കുന്ന പരിഷ്കാരങ്ങൾക്കെതിരെ നടപടി വേണ്ടതിനെക്കുറിച്ച് ഫേസ്ബുക്കിൽ പങ്കുവച്ച് കുറിപ്പിൽ പൃഥ്വി എഴുതി.

പൃഥ്വിരാജിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം…..

ആറാം ക്ലാസിലെ സ്‌കൂള്‍ വിനോദയാത്രയാണ് ഈ മനോഹര നാടിനെക്കുറിച്ചുള്ള എന്റെ ആദ്യ ഓര്‍മ്മ. നീല വെള്ളവും തെളിഞ്ഞ തീരങ്ങളും കണ്ട് അമ്പരന്ന എന്നെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സച്ചിയുടെ അനാര്‍ക്കലി എന്ന് സിനിമ എന്നെ വീണ്ടും ഇവിടെയെത്തിച്ചു. കവരത്തിയില്‍ രണ്ട് മാസം ചിലവഴിച്ച ഞാന്‍ ജീവിതകാലം മുഴുവന്‍ ഒപ്പം നിര്‍ത്താവുന്ന സൗഹൃദങ്ങള്‍ ഇവിടേനിന്ന് നേടി. രണ്ട് വര്‍ഷം മുമ്പ് ഞാന്‍ സംവിധാനം ചെയ്ത ലൂസിഫറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ രംഗം ചിത്രീകരിക്കാന്‍ ഞാന്‍ വീണ്ടും ഇവിടെയെത്തി. അവിടുത്തെ നല്ലവരായ ആളുകളെക്കൂടാതെ ഇതൊന്നും സാധ്യമാകുമായിരുന്നില്ല.

കഴിഞ്ഞ കുറച്ച് ദിവസമായി അവിടെ എനിക്ക് അറിയുന്നവരും അറിയാത്തവരുമായ ഒരുപാടാളുകള്‍ നിരാശയോടെ സന്തേശമയക്കുകയാണ്. അവിടെ സംഭവിക്കുന്ന കാര്യങ്ങളിലേക്ക് ആളുകളുടെ ശ്രദ്ധ എത്തിക്കാന്‍ അഭ്യര്‍ത്ഥിച്ചും ചിലപ്പോഴൊക്കെ യാചിച്ചുമാണ് ആ സന്ദേശങ്ങള്‍. ഞാന്‍ ദ്വീപുകളെക്കുറിച്ച് ഉപന്യാസമെഴുതാനോ പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌കാരങ്ങള്‍ എത്രമാത്രം വിചിത്രമാണെന്ന് വിവരിക്കാനോ പോകുന്നില്ല. അതേക്കുറിച്ച് വായിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അവയെല്ലാം ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. എനിക്ക് ഉറപ്പുള്ള ഒന്നുണ്ട്, എനിക്കറിയാവുന്ന ദ്വീപ് നിവാസികളോ ഞാനുമായി സംസാരിച്ച അവിടുത്തെ ആളുകളോ ഇപ്പോള്‍ അവിടെ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒട്ടും സന്തോഷ്ടരല്ല. ഭുമിക്കുവേണ്ടിയല്ല ഭൂമിയില്‍ താമസിക്കുന്ന ആളുകള്‍ക്ക് വേണ്ടിയാണ് എല്ലാ നിയമങ്ങളും പരിഷ്‌കരണങ്ങളും ഭേദഗതികളും വരുത്തേണ്ടത് എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ഭൂമിശാസ്ത്രപരമോ രാഷ്ട്രീയമോ ആയ അതിര്‍ത്തികളോ അല്ല രാജ്യം, സംസ്ഥാനം, കേന്ദ്രഭരണപ്രദേശം എന്നീ വ്യത്യാസങ്ങള്‍ സൃഷ്ടിക്കുന്നത് മറിച്ച് അവിടെ താമസിക്കുന്ന ആളുകളാണ്.

എങ്ങനെയാണ് നൂറ്റാണ്ടുകളോളം സമാധാനത്തോടെ കഴിഞ്ഞ ആളുകളുടെ ജീവിതം തകര്‍ക്കുന്നത് അംഗീകരിക്കാവുന്ന പുരോഗമനമാകുന്നത്? സാധ്യമായ പ്രത്യാഘാതങ്ങളെ പരിഗണിക്കാതെ അതിലോലമായ ദ്വീപ് ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ ഭീഷണിപ്പെടുത്തുന്നത് എങ്ങനെ സുസ്ഥിര വികസനത്തിന് വഴിയൊരുക്കും? നമ്മുടെ സിസ്റ്റത്തില്‍ എനിക്ക് വിശ്വാസമുണ്ട്, അതിനേക്കാള്‍ വിശ്വാസമുണ്ട് നമ്മുടെ ആളുകളില്‍. തെരഞ്ഞെടുക്കപ്പെട്ട ഒരു അതോറിറ്റിയുടെ നിലപാടില്‍ ഒരു ജനത മുഴുവന്‍ അസംതൃപ്തരായിരാകുമ്പോള്‍ അത് അവര്‍തന്നെ ലോകത്തിന്റെയും അവരുടെ ഗവണ്‍മെന്റിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരുമ്പോള്‍ നടപടിയെടുക്കുകയല്ലാതെ മറ്റുമാര്‍ഗ്ഗമില്ലെന്ന് ഞാന്‍ കരുതുന്നു.

അതുകൊണ്ട് അധികാരികള്‍ ദയവായി ലക്ഷദ്വീപ് ജനതയുടെ ആശങ്കയ്ക്ക് ചെവികൊടുക്കണം. അവരുടെ സ്ഥലത്തിന് എന്താണ് നല്ലതെന്ന് തിരിച്ചറിയാന്‍ അവരില്‍ തന്നെ വിശ്വാസമര്‍പ്പിക്കൂ. ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് അത്, അതിനേക്കാള്‍ നല്ല മനുഷ്യരാണ് അവിടെയുള്ളത്.

ലക്ഷദ്വീപിൽ തനിക്ക് പരിചയമുള്ളവരും അല്ലാത്തവരുമായ ആളുകൾ ഒരുപോലെ പങ്കുവയ്ക്കുന്ന നിരാശ വിവരിച്ചാണ് പൃഥ്വി ദ്വീപിലെ ആളുകൾക്കായി പ്രതികരിച്ചത്.