കുട്ടിയായിരുന്ന കാലം മുതല്‍ താൻ നേരിട്ട ബോഡി ഷെയിമിങിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് നടി ടെസ്സ ജോസഫ്.
നിര്‍ത്തൂ എന്ന തലക്കെട്ടിനൊപ്പമാണ് ടെസ്സയുടെ കുറിപ്പ്.
‘കുട്ടിയായിരുന്നപ്പോഴും, മുതിര്‍ന്ന സ്ത്രീയായപ്പോഴും എന്നോട് ഒരിക്കലും ആരും പറഞ്ഞിട്ടില്ല, ‘നിന്നെ കാണാന്‍ പെര്‍ഫക്ട്’ ആണ് എന്ന്. അവരുടെ മുന്‍വിധിയോടെയുള്ള കണ്ണുകളില്‍ ഞാനെപ്പോഴും തടിച്ചവളാണ്. അത് മുഖത്ത് നോക്കി പറയുന്നതില്‍ അവര്‍ക്കാര്‍ക്കും യാതൊരു മടിയും ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയം.’
‘നിങ്ങളുടെ ശരീരം എങ്ങനെയായിരിക്കണം എന്നൊരു നിയമം സമൂഹം സെറ്റ് ചെയ്ത് വച്ചിട്ടുണ്ട്. മെലിഞ്ഞിരിക്കണം.. നിറമുണ്ടായിരിക്കണം നീണ്ടിരിക്കണം.. വളവുകള്‍ ഉണ്ടായിരിയ്ക്കണം.. സമൂഹത്തിന്റെ ഈ ഒരു കാഴ്ചപ്പാടിലൂടെ വിലയിരുത്തുമ്പോള്‍ ഭൂരിഭാഗം സ്ത്രീകളും ഞാന്‍ തടിച്ചിട്ടാണെന്ന് സ്വയം വിശ്വസിക്കുന്നു.’
‘മറ്റൊരു കാര്യം പ്രായമാവുന്നതാണ്. ഇത് രണ്ടും സ്വാഭാവികവും അനിവാര്യവുമാണ്. ഇത്തരം സാമൂഹിക സാഹചര്യം പ്രായമാകുന്നത് അഭികാമ്യമല്ലെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെറുപ്പമായി കാണാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പ്രായാധിക്യത്തെ ചെറുക്കുകയും, ചെറുപ്പമായി കാണപ്പെടുകയും ചെയ്യുന്ന അഭിനേതാക്കളുടെയും മോഡലുകളുടെയും ചിത്രങ്ങള്‍ ഉപയോഗിച്ച് ഈ ചിന്ത ശക്തിപ്പെടുത്തുന്നു. തീര്‍ച്ചയായും, അവരുടെ ചെറുപ്പത്തെ നിലനിര്‍ത്താന്‍ അവര്‍ ഭീമമായ തുക ചെലവഴിച്ചിട്ടുണ്ടാവും. എന്നാൽ തന്റെ പ്രായം അംഗീകരിക്കുന്നത് ശരിയാണെന്ന് ഞാന്‍ കരുതുന്നു. അതുപോലെ തന്നെയാണ് സ്വാഭാവികമായി നിങ്ങളുടെ ശരീരത്തിനുണ്ടാവുന്ന മാറ്റങ്ങളും.’
‘നിങ്ങളുടെ ശരീരത്തില്‍ നിങ്ങള്‍ സന്തുഷ്ടരായി ഇരിക്കുന്നിടത്തോളം കാലം മറ്റൊരാള്‍ക്ക് അതില്‍ അഭിപ്രായം പറയാന്‍ അവകാശമില്ല. ബോഡി ഷെയിമിങിന്റെയും എയ്ജ് ഷെയിമിങിന്റെയും പേരില്‍ അവരുടെ ആത്മവിശ്വാസം നശിപ്പിക്കുന്നത് നിര്‍ത്തി, സമൂഹത്തെ ബോധവത്കരിക്കാം. എല്ലാത്തിനും ഉപരി നമ്മളെല്ലാം വികാരമുള്ള മനുഷ്യരാണ്.’
View this post on Instagram