അഹങ്കാരം, വാർധക്യം എന്നിവയൊക്കെ സിനിമയിൽ അലങ്കാരമാക്കിയ, ലോകമെമ്പാടുമുള്ള സിനിമാപ്രേമികളിൽ ഒരുപോലെ ആവേശമുണർത്തുന്ന ക്ലിന്റ് ഈസ്റ്റ്‌വുഡ് എന്ന പ്രതിഭാസത്തിന് 91 വയസ്സ് തികയുന്നു. ആക്‌ഷൻ ഡ്രാമകളിലൂടെ അഭിനയത്തിന് ‘ക്ലാപ്പടിച്ച്’, പിന്നീട് ക്ലാസിക്കുകളുടെ സംവിധായകനായി സിനിമാ കാഴ്ചകളുടെ ഫ്രെയ്മിലേക്ക് ‘കുതിരയോട്ടം’ നടത്തുകയായിരുന്നു ക്ലിന്റ് ഈസ്റ്റ്‌വുഡ്.
അരയിൽ തൂക്കിയിട്ടിരിക്കുന്ന ഇരട്ടക്കുഴൽ തോക്ക്, ചുണ്ടിൽ കടിച്ചുപിടിച്ച ചുരുട്ട്, , തലയിൽ പാതി ചെരിഞ്ഞ തൊപ്പി, കുതിരപ്പുറത്ത് സവാരി. ക്ലാസും മാസും ചേർന്ന കൗബോയ് പ്രകടനത്തിന് ലോകസിനിമയിൽ ഒറ്റപ്പേരെയുള്ളൂ: ക്ലിന്റ് ഈസ്റ്റ്‌വുഡ്.
കൗബോയ്, പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചായിരുന്നു തുടക്കം. ‘ദ് ഗുഡ്, ദ് ബാഡ് ആൻഡ് ദി അഗ്ലി’, ‘എ ഫിസ്റ്റ് ഫുൾ ഓഫ് ഡോളേഴ്സ്’ ഇവയൊക്കെ അവയിൽ ചിലത് മാത്രം.തുടക്കം കൗബോയ് സിനിമകളിൽ ആയിരുന്നെങ്കിലും അവയിൽ മാത്രമായി ചുരുങ്ങുകയായിരുന്നില്ല അദ്ദേഹം. ക്രൈം, ആക്‌ഷൻ, വാർ, ബയോഗ്രഫി, ഡ്രാമ, റൊമാൻസ്, സ്പോർട്സ്, കോമഡി തുടങ്ങി എല്ലാവിധ കണ്ടന്റുകളും സിനിമയിൽ പരീക്ഷിച്ചു.നായക കഥാപാത്രങ്ങളുടെ കുതിരപ്പൊക്കത്തിൽ നിന്ന് താഴെയിറങ്ങി, സംവിധാനത്തിലേക്കു മാറിയപ്പോൾ ഓസ്കർ അംഗീകാരവും തേടിയെത്തി. ‘അൺഫൊർഗിവൻ’, ‘മില്യൻ ഡോളർ ബേബി’ എന്നീ ചിത്രങ്ങൾക്കായിരുന്നു മികച്ച സംവിധായകനുള്ള ഓസ്‌കർ പുരസ്കാരം.
90 പിന്നിട്ടിട്ടും അടുത്ത സിനിമ പുറത്തിറക്കുന്നതിന്റെ തിരക്കിലാണ് അദ്ദേഹം.