ഇരുവറിൽ പ്രകാശ് രാജിനു പകരം മാധവൻ; മാധവന്റെ അറിയാകഥ

തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം തുടങ്ങി വിവിധ ഇന്ത്യന്‍ ഭാഷകളില്‍ സ്വീകാര്യനായ നടന്‍ ആരെന്ന് ചോദിച്ചാല്‍ ഒരു ഉത്തരമേയുള്ളൂ, ആര്‍ മാധവന്‍. വ്യത്യസ്തമായ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ സാധിച്ചതാണ് മാധവന്റെ ഏറ്റവും വലിയ വിജയം.

ആഗ്രഹിച്ച ജോലി ലഭിക്കാതെ വന്നപ്പോഴുണ്ടായ നിരാശയില്‍ നിന്നാണ് മാധവനിലെ അഭിനേതാവ് ജനിക്കുന്നത്. എന്നാല്‍ ആ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല.പഠനേതര പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച മാധവന്‍ ഒരുകാലത്ത് എയര്‍ഫോഴ്‌സില്‍ ചേരാന്‍ ആഗ്രഹിച്ചെങ്കിലും വയസ്സ് കൂടിയ കാരണത്താല്‍ മാധവന് അവസരം നഷ്ടപ്പെട്ടു. പിന്നീട് പബ്ലിക് സ്പീക്കിങ്ങില്‍ ബിരുദാനന്തര ബിരുദം നേടിയ മാധവന്‍ വ്യക്തിത്വ വികസന പരിപാടികളില്‍ പരിശീലകനായെത്തി. ഈ കാലഘട്ടത്തിലൊക്കെ മോഡലിങ്ങില്‍ ശ്രമിക്കുന്നുണ്ടായിരുന്നു മാധവന്‍. അതിനായി ധാരാളം മോഡലിങ് ഏജന്‍സികളെ സമീപിച്ചിരുന്നു.

1996 ല്‍ സന്തോഷ് ശിവന്റെ പരസ്യചിത്രത്തില്‍ അഭിനയിച്ച മാധവന്‍ അദ്ദേഹത്തിന്റെ ശുപാര്‍ശയോടെ മണിരത്‌നത്തിന്റെ ഇരുവര്‍ എന്ന ചിത്രത്തിന്റെ ഓഡീഷന് പോയി. മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ ഇരുവരില്‍ പ്രകാശ് രാജ് അഭിനയിച്ച തമിഴ്‌ശെല്‍വന്‍ എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ ആദ്യം തിരഞ്ഞെടുത്തത് മാധവനെയായിരുന്നു. എന്നാല്‍ തമിഴ്‌സെല്‍വനെ അവതരിപ്പിക്കാനുള്ള പക്വതയോ പ്രായമോ മാധവന് ആകാത്തതിനാല്‍ ആ കഥാപാത്രം പ്രകാശ് രാജിലേക്ക് പോവുകയായിരുന്നു. സിനിമയിലേക്കുള്ള ആദ്യശ്രമം പരാജയമായപ്പോള്‍ ഹിന്ദി സീരിയലുകളില്‍ ഭാഗ്യം പരീക്ഷിച്ചു.

മണിരത്‌നം സംവിധാനം ചെയ്ത അലൈപ്പായുതേയാണ് മാധവന്റെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. മിന്നലേ, കന്നത്തില്‍ മുത്തമിട്ടാല്‍, റണ്‍, അന്‍പേ ശിവം, ഗുരു രംഗ് ദേ ബസന്തി, ആയുത എഴുത്തു, ത്രി ഇഡിയറ്റ്‌സ്, വേട്ടൈ, തനു വെഡ്‌സ് മനു, ഇരുധി സുട്രു, വിക്രം വേദ, മാര തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.

ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി റോക്കട്രി – ദി നമ്പി എഫക്ട് എന്ന സിനിമയാണ് മാധവഇന്റെ ഏറ്റവും പുതിയ റിലീസ്. ചിത്രത്തില്‍ മാധവന്‍ തന്നെയാണ് നമ്പി നാരായണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.